Letters in Fiction, Malayalam

നിലാമഴ

ഇനിയുമൊത്തിരി ദൂരമിരിപ്പൂ…… മിഴികളിൽ ഒരു തരി മണ്ണ് പറ്റും മുൻപേ

മതിയെടാ, നിന്റെ യാത്ര ഭ്രാന്തു തന്നെ സഹിക്കാൻ പറ്റുന്നില്ല, അപ്പോഴാണ് ഈ തുണ്ടു കവിതകൾ. അഗത്തിയിൽ ഞാൻ നാസിയോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, നീ കപ്പലിറങ്ങുമ്പോൾ അവൻ  വന്ന് നിന്നെ Pick ചെയ്തുകൊള്ളും. കപ്പലിൽ കയറികഴിയുമ്പോൾ അമ്മയെ വിളിച്ചേക്ക്. അപ്പൊ ഓക്കേ, കാറിൽ നിന്ന് ഇറങ്ങി പോടാ

ചേച്ചീ, ഉമ്മാ….

…………………………………………………………………………………………………………………………..ലഗൂൺ കപ്പലിലേക്കുള്ള യാത്രക്കാർ എത്രയും പെട്ടന്ന് ബോർഡിങ് പോയിന്റിലേക്കു എത്തേണ്ടതാണ്. സ്കാനിംഗ് സെന്ററിൽ നിന്നുള്ള അനൗൺസ്‌മെന്റ് അതിൻറെ മുറ പോലെ നടക്കുന്നുണ്ട്.തട്ടമിട്ട മലബാറിൻ മണമുള്ള  പെൺകുട്ടികളും പുരുഷ ദ്വീപൻ കേസരികളും വിനോദ സഞ്ചാരികളും ബോർഡിങ് പോയിന്റിന് മുന്നിലുള്ള ക്യൂവിൽ നിൽക്കുന്നുണ്ട്.

ചേട്ടായി, ഒരു പാക്കറ്റ് ചിപ്സും ഒരു കുപ്പി വെള്ളവും

മറ്റുള്ളവരുടെ തിരക്കിനിടയിൽ കൂടി ബാക്കി പൈസയും വാങ്ങി ഞാനും ആ ക്യുവിൽ നിന്നു.

…………………………………………………………………………………………………………………………..

ടിക്കറ്റും പെർമിറ്റും എടുത്തോ, പേര് എന്താ ?

സായന്ത്

സ്കാനിങ്ങിനു ശേഷം ബാഗേജ് എടുത്തു ഞാൻ കസേരയിൽ ചെന്നിരുന്നു.ഇവിടെനിന്നു ബസിലാണ് കപ്പലിലേക്ക് കൊണ്ടുപോകുന്നത്.  ഞങ്ങളെയും കൊണ്ട് ബസ് നേരെ എറണാകുളം വാർഫിലേക്കാണ് പോയത്.  ലഗേജ് എടുത്തു ഞാൻ ലഗൂൺ കപ്പലിൽ കയറി.

സെക്കന്റ് ക്ലാസ് ക്യാബിൻ നമ്പർ 5 ആണല്ലേ, ആ സ്റ്റെയര് കയറി ചെന്നാൽ വലതു വശത്താണ് റൂം

എന്റെ ടിക്കറ്റ് വാങ്ങി കപ്പലിലെ പോലീസ്കാരൻ പറഞ്ഞു. കപ്പലിലും പരിശോധന ഉണ്ടായിരുന്നു. 
4 ബെഡ്ഡും  ബാത്റൂമുമുള്ള ഒരു ചെറിയ സോഫയുമുള്ള വിശാലമായ ക്യാബിൻ. എന്റെ ബാഗ് കബോർഡിൽ വെക്കുമ്പോൾ ഡോറിൽ ആരോ മുട്ടി, ഞാൻ നോക്കുമ്പോൾ ഡോർ തുറന്നു രണ്ടു പെൺകുട്ടികൾ അകത്തു കയറി.

ഇതു ക്യാബിൻ നമ്പർ 5 അല്ലെ?

ഉം, അതെ

മലയാളി പെൺകുട്ടികളാണ്, ചേച്ചിയും അനിയത്തിയുമാണ് എന്ന് തോന്നുന്നു. പക്ഷെ ഞാൻ ഇവരെ ഇതിനു മുമ്പ് എവിടെവച്ചോ കണ്ടിട്ടുണ്ട്, തീർച്ച.

ഹലോ, നിങ്ങൾ കഴിഞ്ഞയാഴ്ച ഇഞ്ചത്തൊട്ടിയിൽ കയാക്കിങ്ങിനു പോയിരുന്നോ ?

ആ ചെറിയ പെൺകുട്ടി അപ്പോൾ ചെറുതായിട്ട് ചിരിച്ചു.

മോള് നിങ്ങളെ കണ്ടപ്പോൾ തന്നെ പറഞ്ഞിരുന്നു, ഈ അങ്കിളിനെ നമ്മൾ കണ്ടിട്ടുണ്ട് എന്ന്

ഇതു മോളാണോ?

ഉം, അതെ, നിള, എന്തുപറ്റി?

ഇല്ല,ഒന്നുമില്ല, സോറി

മുഖത്തെ ആ ചമ്മൽ അവര് കാണണ്ട എന്ന് കരുതി ഞാൻ ക്യാബിനു പുറത്തു ഇറങ്ങി. ലിഫ്റ്റ് കയറി കപ്പലിന്റെ ഏറ്റവും മുകളിലത്തെ ഡെക്കിലെത്തി. യാത്രക്കാർ ഇപ്പോഴും കപ്പലിൽ കയറി കൊണ്ടിരിക്കുകയാണ്.എറണാകുളം-വൈപ്പിൻ റൂട്ടിൽ ഓടുന്ന ബോട്ട് കപ്പലിന്റെ അരികത്തുകൂടി പോയി. അകലെയുള്ള ഓയിൽ ടഗ്ഗുകളൂം ഫിഷിങ് ബോട്ടുകളും ഞാൻ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് അവർ രണ്ടുപേരും എന്റെ അടുത്തേക്ക് വന്നത്.

ലക്ഷദ്വീപിലേക്കു ആദ്യമായിട്ടാണോ?

ഞങ്ങൾക്കിടയിലുള്ള ആ നിശബ്ദത തകർത്തത് ആ പെൺകുട്ടിയാണ്.

ആ, അതെ, യാത്രകൾ പോകാൻ എനിക്ക്  ഇഷ്ടമാണ്,  ഇപ്പോൾ നാഷണൽ ജോഗ്രഫിയുടെ  സ്മാൾ ഗ്രാന്റ് ഫെല്ലോഷിപ്പ് കിട്ടിയിട്ടുണ്ട്, അതിന്റെ ഭാഗമായിട്ടാണ് ഈ യാത്ര

“ഓക്കേ,  എന്റെ പേര് റിയ, റിയ ഫിലിപ്പ് ”

ഭർത്താവു ഫിലിപ്പ് അപ്പോൾ വന്നില്ലേ?

എന്റെ ആ പെട്ടന്ന് ഉണ്ടായ ചോദ്യം റിയയിൽ ചെറിയ ഭാവ വ്യത്യാസം വരുത്തിയതായി ഞാൻ കണ്ടു.

നിളാ, മോളെ ക്യാന്റീനിൽ പോയി ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ട് വാ. ദേ 20 രൂപ

ശരി അമ്മാ, അങ്കിളേ ഞാൻ ഇപ്പൊ വരാവേ

ഫിലിപ്പ്, എന്റെ പപ്പയാണ്. നിള എന്റെ .., എനിക്ക് നല്ല തലവേദന, ഞാൻ ക്യാബിനുള്ളിൽ ഉണ്ടാകും

ഡെക്കിൽ നിന്ന് ആരോ സിഗററ്റു വലിച്ചതിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി. ഞാൻ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി. നിള അപ്പോൾ ക്യാന്റീനിൽ നിന്ന് കുപ്പിവെള്ളം വാങ്ങി വരുന്നുണ്ടായിരുന്നു.

അങ്കിളിത് അമ്മക്ക് കൊടുക്കാമോ, ക്യാന്റീനിൽ ടിവിയിൽ നല്ല പടം വച്ചിട്ടുണ്ട്. ഞാൻ ഇത്തിരി നേരം കണ്ടിട്ട് വരാമെന്നു പറയണേ

ഞാൻ ക്യാമ്പിന്റെ ഡോറിൽ രണ്ടു മുട്ട് മുട്ടി തുറന്നു അകത്തു കയറി, ബാഗ് തുറന്നു ഇർവിങ് വാലസിന്റെ ദി ഗോൾഡൻ റൂം എന്ന ബുക്ക് എടുത്തു സോഫയിൽ ഇരുന്നു. ബുക്ക് തുറന്നു വായിക്കാൻ പോകുബോൾ ആണ് ബാത്റൂമിൽ നിന്നും റിയ ഇറങ്ങി വന്നത്.

മോള്, ടിവി കണ്ടിട്ട് ഇപ്പൊ വരാമെന്നു പറഞ്ഞു. വെള്ളം ഞാൻ  ബെഡ്‌ഡിന്റെ അടുത്ത് വച്ചിട്ടുണ്ട്

ഞങ്ങൾക്കിടയിലുള്ള ആ നിശബ്ദത ഇപ്പോൾ ഞാൻ തന്നെ മാറ്റാൻ തീരുമാനിച്ചു.

നേരത്തെ, ഞാൻ ചോദിച്ചത് തെറ്റായി പോയിട്ടുണ്ടെകിൽ ക്ഷമിക്കണം, ആദ്യമേ നിങ്ങളെ കണ്ടപ്പോൾ ചേച്ചിയും അനിയത്തിയും ആണെന്നാണ് കരുതിയത്. മോളാണെന്നു പറഞ്ഞപ്പോൾ ചെറിയ ഞെട്ടലുണ്ടായി. പിന്നെ നേരത്തെ ഭർത്താവിനെ പറ്റി ചോദിച്ചപ്പോൾ റിയക്കു ഉണ്ടായ അസ്വസ്ഥത കണ്ടപ്പോൾ ചെറിയ വിഷമമായി

ഞങ്ങളെ പറ്റി, നിളയെ പറ്റി ഞാൻ ആരോടും അങ്ങനെ സംസാരിക്കാറില്ല. ഞാൻ 9ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നിളയെ ഞാൻ പ്രസവിച്ചത്. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി എന്നെ 5 പേര് ചേർന്ന്…, ഒരു മാസം കഴിയുമ്പോൾ ആണ് നിള എന്റെ വയറ്റിനുള്ളിൽ വളരുന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞത്. പപ്പയും എല്ലാരും പറഞ്ഞു അബോർട്ട് ചെയ്തു കളയാൻ, ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ വരെ പോയതുമാണ്….

എന്റെ ആ തീരുമാനം തെറ്റായിപ്പോയി എന്ന് പലവട്ടം തോന്നിയിട്ടുണ്ട്, പക്ഷെ  നിള മോള് വന്നതിനു ശേഷം ഒരു തവണ പോലും അങ്ങനെ തോന്നിയിട്ടില്ല

:യാത്രക്കാരുടെ ശ്രദ്ധക്ക്, യാത്രക്കാർക്കുള്ള ഉച്ച ഭക്ഷണം തയ്യാറായിട്ടുണ്ട്, കഴിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ 1.30ന് മുൻപായി ഭക്ഷണം കഴിക്കേണ്ടതാണ്.

സായി, വാ നമുക്ക് കഴിക്കാൻ പോകാം, നിള അവിടെ ഉണ്ടാകും

റിയ, ഒരു നിമിഷം ഞാൻ ഒന്ന് മുഖം കഴുകിയിട്ടു വരാം

ബാത്റൂം ഡോർ തുറന്നു പൈപ്പിലെ വെള്ളം മുഖത്തേക്ക് ഒഴിച്ചപ്പോൾ ചെറിയ ഇളം തണുപ്പ് അനുഭവപെട്ടു.

“’അമ്മാ, എനിക്ക് ഉറക്കം വരുന്നു. ഫിഷ് ബിരിയാണി നല്ല രസോണ്ടായിരുന്നു

ശരി, മോള് ഉറങ്ങിക്കോ

ഞാൻ സോഫയിൽ ഇരുന്നു നോവൽ വായിച്ചുകൊണ്ടിരുന്നു, ഇടക്ക് റിയയെ നോക്കിയപ്പോൾ ബെഡിൽ ഇരുന്നു മോളുടെ തലയിൽ പതിയെ തടുവി മൊബൈൽ നോക്കിക്കൊണ്ടൊരിക്കുകയായിരുന്നു.

അവർക്കെതിരെ കേസൊന്നും കൊടുത്തില്ലേ?

റിയ, മൊബൈൽ മാറ്റി, എന്റെ നേരെ നോക്കി .

പത്തു വർഷമായി ആ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്, രണ്ടാഴ്ച കഴിയുമ്പോൾ അതിന്റെ വിധി വരും. വീട്ടിലിരിക്കുമ്പോൾ അതിന്റെ ഓർമ്മകൾ ഒഴിവാക്കാൻ വേണ്ടിയാണു ഈ യാത്ര. ശരി സായി, എനിക്ക് നല്ല ക്ഷീണമുണ്ട്, ഞാൻ ഒന്ന് മയങ്ങട്ടെ

നോവലിലെ പേജുകൾ ഞാൻ അറിയാതെ തന്നെ ഓരോ ഇതളുകളായി മറിഞ്ഞുകൊണ്ടിരുന്നു.
…………………………………………………………………………………………………………………………..

പിറ്റേ ദിവസം രാവിലെ, 6.30ന് കപ്പൽ അഗത്തിയിൽ എത്തി. ഞാൻ എന്റെ ബാഗുകൾ റെഡിയാക്കി ഇറങ്ങാൻ തയ്യാറായി.

സായി, ഞങ്ങൾ കവരത്തി ദ്വീപിലേക്കാണ്, ഒരു 5 ദിവസം , അതിനു ശേഷം തിരികെ ഈ കപ്പലിൽ തന്നെ തിരിച്ചു കൊച്ചിയിലേക്ക്., സായി എന്നാണ് തിരിച്ചു ?

ഞാൻ മൂന്നു ദിവസം അഗത്തിയിൽ ഉണ്ടാകും, തിരികെ ഫ്ലൈറ്റിലാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്

സായി, ഇതാണെന്റെ നമ്പർ

റിയ ഒരു വിസിറ്റിംഗ് കാർഡ് എന്റെ നേരെ നീട്ടി.

നാട്ടിലെത്തിയിട്ടു ഫ്രീ ആകുമ്പോൾ വിളിക്കണം, നമുക്ക് കാണാം, ശരി, എല്ലാവിധ ആശംസകളും നേരുന്നു


…………………………………………………………………………………………………………………………..

എയർ ഇന്ത്യ വിമാനത്തിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങി പുറത്തു വരുമ്പോൾ ചേച്ചി കാറുമായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

എന്താടാ, മുഖത്തിനു ഇത്ര ഗൗരവം, കവിതകൾ ഇല്ലല്ലോ, അത് തന്നെ ആശ്വാസം.


…………………………………………………………………………………………………………………………..

സായി, നീ അന്ന് പറഞ്ഞ റിയയുടെ കേസില് വെറുതെ വിട്ട ആ അഞ്ചു പേരേയും കൊല്ലപ്പെട്ട നിലയിൽ ഗോശ്രീ പാലത്തിനടിയിൽ വച്ച് കണ്ടെത്തിയെന്ന്, ദേ പേപ്പറിൽ ഉണ്ട്, നീ എഴുന്നേൽക്കു ഞാൻ ചായ എടുത്തു തരാം. അല്ല ഇതെന്താ നിന്റെ കയ്യ് മുറിഞ്ഞിരിക്കുന്നേ?

“ചാഞ്ചാടുന്ന തുലാസിട്ട കൈകളിൽചേലായി തിളങ്ങീടുന്നു നിണമിറ്റിയ വളകൾ”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s